
ടോക്കിയോ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നാഗോയ 2026) 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഖത്തറിന്റെ അലി താമർ. ഞായറാഴ്ച അക്വാട്ടിക്സ് സെന്ററിൽ നടന്ന പുരുഷവിഭാഗം പ്രാഥമിക ഹീറ്റ്സിലെ മികച്ച പ്രകടനത്തോടെയാണ് താരം ഫൈനൽ ഉറപ്പിച്ചത്.
തന്റെ ഹീറ്റ്സിൽ 48.65 സെക്കൻഡിൽ നീന്തിയെത്തി രണ്ടാമതായാണ് അലി താമർ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. 49.10 സെക്കൻഡ് എന്ന തന്റെ തന്നെ മുൻ ദേശീയ റെക്കോർഡ് തകർത്താണ് താരം ഈ നേട്ടം കൈവരിച്ചത്. ഫൈനലിലും ഈ മികച്ച പ്രകടനം തുടർന്ന് ഖത്തറിനായി നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
തിങ്കളാഴ്ച നടക്കുന്ന പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് ഖത്തർ നീന്തൽ സംഘം അടുത്തതായി പൂളിലിറങ്ങുന്നത്.
മൊഹമ്മദ് മഹ്മൂദ്, അലി താമർ, സാദ് എൽ ദിൻ സാദ് എൽ ദിൻ, എമിൽ മുനീർ ഫൗസി, അബ്ദുള്ള അൽ ഗാമ്രി, മൊഹമ്മദ് അസീസ് ഗിലാനി എന്നീ 6 നീന്തൽ താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. വ്യക്തിഗത, റിലേ ഇനങ്ങളിലായി ആകെ 41 നീന്തൽ മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്.











